ufo

അന്യഗ്രഹ ജീവികള്‍ ആണവായുധങ്ങള്‍ മോഷ്‌ടിച്ചുവെന്ന്‌ യു എസ്‌, ബ്രിട്ടീഷ്‌ മുന്‍ സൈനിക ഓഫീസര്‍മാര്‍
ക്യാപ്‌റ്റന്‍ റോബര്‍ട്‌ സലാസ്‌

കേണല്‍ ചാള്‍സ്‌ ഹാള്‍ട്ട്‌ 

റോബര്‍ട്‌ ഹേസ്റ്റിംഗ്‌
വാഷിംഗ്‌ടണ്‍: 1967 മാര്‍ച്ച്‌ 16, സമയം അര്‍ധരാത്രി. സ്ഥലം- അമേരിക്കയിലെ മാംസ്റ്റോം വ്യോമകേന്ദ്രം. ലോകത്തിലെ ഏറ്റവും ശക്തമായ ഭൂഖണ്‌ഡാന്തര ആണവ മിസൈലായ മൈന്യൂട്‌ മ്യാന്‍ സൂക്ഷിച്ചിരിക്കുന്നത്‌ ഇവിടെയാണ്‌. ഡ്യൂട്ടിയിലുണ്ടായിരുന്നു ക്യാപ്‌റ്റന്‍ റോബര്‍ട്‌ സലാസ്‌. പെട്ടെന്നാണ്‌ ആകാശത്ത്‌ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടത്‌. അത്‌ വ്യോമ കേന്ദ്രത്തിന്‌ നേരെ മുകളില്‍ വന്ന്‌ വട്ടം കറങ്ങി. ക്യാപ്‌റ്റന്‍ സൂക്ഷിച്ചു നോക്കി. ഒരു പറക്കും തളികയാണ്‌. പെട്ടെന്ന്‌ അത്‌ വ്യോമകേന്ദ്രത്തിലേക്ക്‌ ഇറങ്ങി നിലത്ത്‌ ലാന്‍ഡ്‌ ചെയ്‌തു. അതില്‍ നിന്നും ഏതാനും അന്യഗ്രഹജീവികള്‍ പുറത്ത്‌ കടന്ന്‌ കെട്ടിടത്തിനകത്തേക്ക്‌ കടന്ന്‌ പത്തോളം മൈന്യൂട്‌ മാന്‍ മിസൈലുകള്‍ കൈക്കലാക്കി തിരിച്ചുപോയി.
സൈനിക റേഡിയോയില്‍ ജാഗ്രത നിര്‍ദേശം വന്നെങ്കിലും അന്യഗ്രഹ ജീവികള്‍ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു...
ഏതെങ്കിലും ഹോളിവുഡ്‌ സിനിമയുടെ തിരക്കഥയോ സയന്‍സ്‌ ഫിക്‌ഷനോ അല്ല ഇത്‌. വ്യോമ കേന്ദ്രങ്ങളില്‍ കടന്ന്‌ അന്യഗ്രഹജീവികള്‍ ആണവായുധങ്ങള്‍ മോഷ്‌ടിക്കുന്നുവെന്ന വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്ന ഒരു മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനായ ക്യാപ്‌റ്റന്‍ റോബര്‍ട്‌ സലാസ്‌ ഒരു ബ്രിട്ടീഷ്‌ പത്രവുമായി പങ്കുവെച്ച അനുഭവമാണിത്‌. 1948 മുതല്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും വിവിധ കേന്ദ്രങ്ങളില്‍ കടന്ന്‌ അന്യഗ്രഹ ജീവികള്‍ ഇത്തരത്തില്‍ അണുവായുധങ്ങള്‍ മോഷ്‌ടിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുകളുമായി മറ്റു ചില സൈനികരും രംഗത്തു വന്നു. ഇതോടെ രണ്ടു രാജ്യങ്ങളിലെയും വ്യോമ കേന്ദ്രങ്ങളിലെ സുരക്ഷാ പാളിച്ചകളെക്കുറിച്ചുളള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്‌.
ബ്രിട്ടീഷുകാരനായ കേണല്‍ ചാള്‍സ്‌ ഹാള്‍ട്ട്‌ എന്നയാളാണ്‌ വെളിപ്പെടുത്തലുമായി എത്തിയ മറ്റൊരു പ്രധാനി. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത, പറക്കുന്ന ചില വസ്‌തുക്കളാണ്‌ ഇത്തരം മോഷണങ്ങള്‍ നടത്തിയതെന്നും ഇവ പറക്കും തളികകള്‍ തന്നെയാണെന്ന്‌ താന്‍ കരുതുന്നുവെന്നുമാണ്‌ ഇദ്ദേഹം പറയുന്നത്‌. ലണ്ടന്‌ സമീപമുളള ആര്‍ എ എഫ്‌ ബെന്‍വാട്ടേഴ്‌സ്‌ വ്യോമകേന്ദ്രത്തില്‍ ജോലി ചെയ്യുന്ന കാലത്താണ്‌ തനിക്ക്‌ ഇത്തരമൊരനുഭവമുണ്ടായതായി അദ്ദേഹം പറയുന്നത്‌. താന്‍ പറക്കും തളികകളെ കണ്ടിട്ടുണ്ടെന്ന വാദവുമായി മുമ്പും ഇയാള്‍ രംഗത്തുവന്നിരുന്നെങ്കിലും അത്‌ ആണവ ഇന്ധനം മോഷ്‌ടിക്കാനാണെന്ന്‌ വെളിപ്പെടുത്തിയത്‌ ഇപ്പോഴാണ്‌.


യു എസ്‌ വ്യോമസേനാ ക്യാപ്‌റ്റനായിരുന്ന ബ്രൂസ്‌ ഫെന്‍സ്റ്റര്‍മാക്കര്‍ പറക്കും തളികകളുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം വാഷിംഗ്‌ടണില്‍ ഒരു പത്രസമ്മേളനം നടത്തി. 1976ല്‍ വ്യോംയോംഗിലെ വ്യോമ കേന്ദ്രത്തില്‍ വെച്ച്‌ സിഗരറ്റ്‌ രൂപത്തിലുളള ഒരു പറക്കും തളിക കണ്ടു എന്നാണ്‌ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇവര്‍ക്കു പുറമേ ആറ്‌ സൈനികര്‍ കൂടി സമാന അനുഭവവുമായി രംഗത്ത്‌ വന്നിട്ടുണ്ട്‌.
അതേസമയം ഇത്‌ വന്‍ സുരക്ഷാപാളിച്ചയായാണ്‌ ഇരു രാജ്യങ്ങളും കരുതുന്നത്‌. പറക്കും തളികകളാണ്‌ വന്നിറങ്ങിയതെന്ന്‌ വിശ്വസിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തങ്ങളുടെ പിഴവുകള്‍ മറച്ചുവെക്കാന്‍ സൈനികര്‍ നടത്തുന്ന ശ്രമമായാണ്‌ ഇതിനെ കാണുന്നത്‌.
അതേസമയം റോബര്‍ട്ട്‌ ഹേസ്റ്റിംഗിനെപ്പോലെ പറക്കും തളികകളുടെ യാഥാര്‍ഥ്യത്തെത്തെപ്പറ്റി ഗവേഷണം നടത്തിയിട്ടുളളവര്‍ ഇത്‌ തങ്ങളുടെ നിലപാടുകള്‍ക്ക്‌ അനുകൂലമായ തെളിവുകളാണെന്ന വാദവുമായി മുന്നോട്ടു വന്നിട്ടുണ്ട്‌. ഇതോടെ ശാസ്‌ത്രലോകത്ത്‌ പറക്കും തളികകളെക്കുറിച്ചുളള ചര്‍ച്ചകള്‍ക്കും ചൂടേറിയിട്ടുണ്ട്‌. 

Comments

Popular posts from this blog

സിദ്ധ സമാജം - ഒരു പഠനം

സിറാജ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍

''ചന്ദ്രനിലേക്കൊരു ടാക്‌സി വിളിച്ചാലോ?''