സിറാജ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍

വിചാരണത്തടവുകാരനായി ആമിറിനിത്‌ പന്ത്രണ്ടാം വര്‍ഷം
നസീബ്‌ കാരാട്ടില്‍ 

ആമിര്‍ 
മൈമൂന ഭായ്‌


ന്യൂഡല്‍ഹി; ``എന്റെ മോന്‍ ആമിര്‍ വരുന്നത്‌ വരെ ഞാന്‍ ഈ വീട്‌ വിട്ട്‌ എങ്ങോട്ടും പോവില്ല. പന്ത്രണ്ട്‌ വര്‍ഷമായി അവനെ കാത്തിരിക്കുകയാണ്‌. അവന്‍ എന്നെങ്കിലും തിരിച്ചു വരാതിരിക്കില്ല. എന്റെ മയ്യിത്ത്‌ കട്ടിലെടുക്കുമ്പോഴെങ്കിലും...'' - പഴയ ഡല്‍ഹിയിലെ ബഹാദുര്‍ഗ്ഗില്‍ ഏത്‌ നിമിഷവും ഇടിഞ്ഞുവീഴാവുന്ന ഒറ്റ മുറിയിലിരുന്ന്‌ വിധവയായ  വിലപിക്കുന്നു.
ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ നാടുവിട്ട മകനെയോര്‍ത്തല്ല ഈ വിലാപം. 12 വര്‍ഷം മുമ്പ്‌ എന്തിനെന്ന്‌ പോലും പറയാതെ ഡല്‍ഹി പോലീസ്‌ പിടിച്ചു കൊണ്ടു പോയ മകന്‍ ആമിര്‍ ഖാനെ ഓര്‍ത്താണ്‌. 12 വര്‍ഷമായി തീഹാര്‍ ജയിലില്‍ ഏകാന്ത തടവില്‍ കഴിയുകയാണ്‌ ആമിര്‍. ചെയ്യാത്ത കുറ്റത്തിന്‌ ആദ്യം എട്ട്‌ വര്‍ഷം. കുറ്റക്കാരനല്ലെന്ന്‌ കണ്ട്‌ കോടതി വെറുതെ വിട്ട ആമിറിനെ ഫ്രോണ്ടിയര്‍ ട്രെയിന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ ഉത്തര്‍പ്രദേശ്‌ പോലീസ്‌ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. ഇപ്പോഴും വിചാരണ കാത്ത്‌ തടവില്‍ കഴിയുന്നു. ഇത്‌ കൂടാതെ ഹരിയാനയില്‍ നടന്ന രണ്ട്‌ സ്‌ഫോടനങ്ങള്‍ കൂടി ആമിറിന്റെ മേല്‍ ചുമത്തിയിട്ടുണ്ട്‌.
1998ല്‍ ആദ്യം പിടിക്കപ്പെടുമ്പോള്‍ ആമിര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. ആമിറിനു വേണ്ടി ശബ്‌ദിക്കാന്‍ അന്ന്‌ ആരും മുന്നോട്ടുവന്നില്ല. ഇപ്പോഴും ആരുമില്ല. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കുവേണ്ടി ശബ്‌ദിക്കുന്ന മാധ്യമങ്ങള്‍ പോലും ആമിറിന്റെ കരച്ചില്‍ കേട്ടില്ല.
ആമിറിന്റെ കഥ കഴിഞ്ഞ ദിവസം പുറത്ത്‌ വിട്ടത്‌ ബീഹാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ്‌. 1998 ഫെബ്രുവരി 20ന്‌ രാത്രിയാണ്‌ ആമിര്‍ ആദ്യമായി പിടിയിലാവുന്നത്‌. അന്ന്‌ പ്രായം 18 വയസ്സ്‌ മാത്രം. ഇശാ നമസ്‌കാരം കഴിഞ്ഞ്‌്‌ പളളിയില്‍ നിന്നും മടങ്ങുന്ന വഴിക്ക്‌ ഉമ്മക്കുളള മരുന്നു വാങ്ങാന്‍ അടുത്തുളള മെഡിക്കല്‍ ഷോപ്പിലേക്ക്‌ നടക്കവേ ഡല്‍ഹി പോലീസ്‌ പിടികൂടുകയായിരുന്നു. അജ്ഞാത കേന്ദ്രത്തില്‍ വെച്ച്‌ ഒരാഴ്‌ച ക്രൂര മര്‍ദനത്തിന്‌ ഇരയായി. പോലീസുകാര്‍ ചില പേപ്പറുകളില്‍ നിര്‍ബന്ധിച്ച്‌ ഒപ്പിടുവിച്ചു. 96-97 കാലഘട്ടങ്ങളില്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും നടന്ന പല ബോംബ്‌്‌ സ്‌ഫോടനങ്ങളും നടത്തിയത്‌ താനാണ്‌ എന്ന കുറ്റസമ്മതമായിരുന്നു അവര്‍ ഒപ്പിട്ട്‌ വാങ്ങിച്ചതെന്ന്‌ പിന്നീടാണ്‌ അവന്‌ മനസ്സിലായത്‌.
ഒരാഴ്‌ചക്കുശേഷം കോടതിയില്‍ ഹാജരാക്കി. തീസ്‌ ഹസാരി കോടതി റിമാന്‍ഡ്‌ ചെയ്‌തു. ജയിലിലും പീഡനത്തിന്‌ കുറവുണ്ടായില്ല. ബി ജെ പിയുടെ നേതൃത്വത്തിലുളള എന്‍ ഡി എ സര്‍ക്കാറായിരുന്നു അന്ന്‌ കേന്ദ്രം ഭരിച്ചിരുന്നത്‌.
ആമിറിന്‌ വേണ്ടി വാദിക്കാന്‍ വക്കീലിനെ വെക്കാന്‍ കുടുംബത്തിന്‌ സാധിച്ചില്ല. ദരിദ്ര കുടുംബത്തിന്‌ വേണ്ടി വാദിക്കാന്‍ ആരും തയ്യാറായില്ല. തീവ്രവാദ കേസായതിനാലും അഭിഭാഷകര്‍ മടിച്ചു. അവസാനം മനുഷ്യാവകാശ പ്രവര്‍ത്തകനായ എന്‍ ഡി പാഞ്ചോളി വാദിക്കാന്‍ മുന്നോട്ടുവന്നു. ആറ്‌ വര്‍ഷമായി ആമിറിന്റെ കേസ്‌ വാദിക്കുന്നത്‌ അദ്ദേഹമാണ്‌.
98 മുതല്‍ 2006 വരെ ആമിര്‍ തീഹാര്‍ ജയിലില്‍ കഴിഞ്ഞു. 2006ല്‍ ഡല്‍ഹി ഹൈക്കോടതി ആമിറിനെ കുറ്റക്കാരനല്ലെന്ന്‌ കണ്ട്‌ വെറുതെ വിട്ടു. ജയിലില്‍ നിന്നും പുറത്തിറങ്ങാനിരിക്കെ 1996 ഒക്ടോബര്‍ ഒന്നിന്‌ നടന്ന ഫ്രോണ്ടിയര്‍ ട്രെയിന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച്‌ ഉത്തര്‍ പ്രദേശ്‌ പോലീസ്‌ പിടിച്ച്‌ കൊണ്ടു പോയി. ഈ കേസില്‍ വിചാരണ നടക്കുകയാണ്‌.
മാനസികമായും ആമിര്‍ ഒരുപാട്‌ തളര്‍ന്നു. ആമിറിനൊപ്പം ട്രെയിന്‍ സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായ മുഹമ്മദ്‌ ഷക്കീല്‍ ദുരൂഹ സാഹചര്യത്തില്‍ ജയിലില്‍ മരിച്ചിരുന്നു. മാനസികസമ്മര്‍ദം മൂലം ആത്മഹത്യ ചെയ്‌തതാണെന്നാണ്‌ ജയിലധികൃതര്‍ അന്ന്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.
ജയിലിലായതു മുതല്‍ താന്‍ വാര്‍ധക്യം അനുഭവിക്കുകയാണെന്ന്‌ ആമിര്‍ പറയുന്നു. വിചാരണ അനിശ്ചിതമായി നീളുന്നു. കേസ്‌ വേഗത്തിലാക്കണമെന്ന്‌ അലഹബാദ്‌ ഹൈക്കോടതിയില്‍ ബന്ധു നല്‍കിയ ഹരജി പരിഗണിച്ച്‌ കേസ്‌ പെട്ടെന്ന്‌ തീര്‍ക്കാന്‍ ജസ്റ്റിസ്‌ ബര്‍കത്ത്‌ അലി സെയ്‌ദി ഘാസിയാബാദ്‌ ജില്ലാ കോടതിയോട്‌ ആവശ്യപ്പെട്ടു. പക്ഷേ ഉത്തരവ്‌ കടലാസിലൊതുങ്ങി.
12 വര്‍ഷമായി ജയിലില്‍ കിടക്കുന്നു എന്ന പരിഗണന വെച്ച്‌ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയാല്‍ ജാമ്യം ലഭിച്ചേക്കുമെന്ന്‌ പാഞ്ചോളി പറയുന്നു. പക്ഷേ, അതിനുളള സാമ്പത്തിക ചെലവ്‌ താങ്ങാന്‍ ആമിറിന്റെ കുടുംബത്തിന്‌ കഴിവില്ല. പിതാവ്‌ 2006ല്‍ മരിച്ചു. മാതാവാകട്ടെ മകന്‍ ജയിലിലായ ദു:ഖം കാരണം മാനസികമായും ശാരീരികമായും തകര്‍ന്നു. ആമിറിന്‌ ഒരു സഹോദരി കൂടിയുണ്ട്‌്‌.

കുറ്റവാളികളെ പിടിക്കുന്ന കാര്യത്തില്‍ ഡല്‍ഹി പോലീസിന്റെ കഴിവുകേടാണ്‌ പാവപ്പെട്ട കുടുംബത്തില്‍ നിന്നുളള കുട്ടികളെയും യുവാക്കളെയും ഭീകരവാദികളായി മുദ്രകുത്തി പിടിച്ചുകൊണ്ടു പോകുന്നതിനിടയാക്കുന്നതെന്ന്‌ ` twocircles.net'ന്‌ വേണ്ടി ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്‌ത ഡല്‍ഹി ലേഖകന്‍ മുഹമ്മദ്‌ അലി `സിറാജി'നോട്‌ പറഞ്ഞു. അവര്‍ക്ക്‌ കേസ്‌ തെളിയിക്കാന്‍ ആരെയെങ്കിലും കിട്ടിയാല്‍ മതി. ഒരു മണിക്കൂര്‍ നേരം ആമിറുമായി സംസാരിച്ചു. അവന്‍ വിഷാദരോഗിയായി മാറിയിട്ടുണ്ട്‌. ജയിലില്‍ ഭീകരമായ അവസ്ഥയാണ്‌. ജയിലധികൃതര്‍ രാജ്യദ്രോഹികളോടെന്നപോലെയാണ്‌ പെരുമാറുന്നത്‌. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം ആമിര്‍ ജയിലധികൃതരെ അറിയിച്ചിരുന്നു. തീവ്രവാദക്കേസുകളില്‍ സംശയിക്കപ്പെടുന്നവരെ പഠിക്കാന്‍ വിടാറില്ലെന്ന്‌ പറഞ്ഞ്‌ ആവശ്യം നിരസിക്കുകയായിരുന്നുവെന്ന്‌ കണ്ണീരൊഴുക്കിക്കൊണ്ടാണ്‌ ആമിര്‍ പറഞ്ഞതെന്ന്‌ മുഹമ്മദലി പറഞ്ഞു.






കടപ്പാട്‌ . twocircles.net 

Comments

Popular posts from this blog

സിദ്ധ സമാജം - ഒരു പഠനം

കവിത -പരിണാമം