ഡല്‍ഹിയില്‍ പുരാവസ്‌തുവകുപ്പ്‌ കൈയ്യേറിയത്‌ 158 വഖ്‌ഫ്‌ സ്വത്തുക്കള്‍




അഫ്രോസ്‌ ആലം സാഹിലിന്‌ ഡല്‍ഹി വഖ്‌ഫ്‌ ബോര്‍ഡ്‌ കൈമാറിയ വിവരാവകാശ രേഖ 
ന്യൂഡല്‍ഹി: വഖ്‌ഫ്‌ ചെയ്‌ത 158 സ്വത്തുക്കള്‍ ഇന്ത്യന്‍ പുരാവസ്‌തുവകുപ്പ്‌ കൈയേറിയതായി ആരോപണം. അഫ്രോസ്‌ ആലം സാഹില്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ഡല്‍ഹി വഖ്‌ഫ്‌ ബോര്‍ഡിന്‌ നല്‍കിയ അപേക്ഷക്ക്‌ ലഭിച്ച മറുപടിയിലാണ്‌ ഈ വെളിപ്പെടുത്തല്‍.
തലസ്ഥാന നഗരത്തിലെ കൊണാട്ട്‌ പ്ലേസ്‌ അടക്കമുളള സ്ഥലങ്ങളിലാണ്‌ കോടിക്കണക്കിന്‌ രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ പുരാവസ്‌തുവകുപ്പ്‌ കൈയേറിയിരിക്കുന്നത്‌.
ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ വഖ്‌ഫ്‌ സ്വത്തുക്കള്‍ വന്‍തോതില്‍ കൈയേറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ഡല്‍ഹിയിലാണ്‌ ഏറ്റവും കൂടുതല്‍ നടക്കുന്നതെന്നും വഖ്‌ഫ്‌ കാര്യങ്ങള്‍ക്കായുളള സംയുക്ത പാര്‍ലിമെന്റ്‌ സമിതി നേരത്തെ കണ്ടെത്തിയിരുന്നു.
പുരാവസ്‌തുവകുപ്പിന്‌ പുറമേ മറ്റു ചില ഗവണ്‍മെന്റ്‌ ഏജന്‍സികളും വഖ്‌ഫ്‌ ഭൂമി കൈയേറിയിട്ടുണ്ട്‌. കൈയേറ്റം നടന്ന 685 വസതുവകകളില്‍ 114 എണ്ണം ഡല്‍ഹി വികസന അതോറിറ്റിയുടെ അധീനതയിലാണ്‌. 26 എണ്ണം മറ്റു ഏജന്‍സികള്‍ കൈയേറിയിരിക്കുന്നു. 373 കൈയേറ്റങ്ങള്‍ സ്വകാര്യ വ്യക്തികള്‍ നടത്തിയതാണ്‌.
ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, കൊണാട്ട്‌ പ്ലേസ്‌, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ 123 കൈയേറ്റങ്ങള്‍ കണ്ടെത്തിയതായാണ്‌ റിപ്പോര്‍ട്ട്‌. കേന്ദ്ര ഗവണ്‍മെന്റ്‌ ഡല്‍ഹി വഖ്‌ഫ്‌ ബോര്‍ഡിന്‌ കൈമാറിയ സ്വത്തുക്കളാണ്‌ ഇതിലധികവും. പലതും രണ്ട്‌ പതിറ്റാണ്ടായി തര്‍ക്കത്തിലുമാണ്‌. വ്യാപാര മേഖലയായത്‌ കൊണ്ടു തന്നെ വന്‍ വില വരുന്ന ഭുമിയാണ്‌ ഇവിടുത്തേത്‌.
പ്രസിദ്ധമായ ഫത്തേപുരി മസ്‌ജിദിന്റെ സ്വത്തുക്കളടക്കം കൈയേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇന്ത്യയില്‍ മൊത്തത്തിലുളള വഖ്‌ഫ്‌ സ്വത്തുക്കളില്‍ 70 മുതല്‍ 80 ശതമാനം വരെ കൈയേറിയതോ അന്യായമായി കൈവശം വെച്ചിരിക്കുന്നതോ ആണെന്ന്‌ ഇരു സഭകളിലും വെച്ച റിപ്പോര്‍ട്ടില്‍ സംയുക്ത പാര്‍ലിമെന്ററി കമ്മറ്റി പറഞ്ഞിരുന്നു. 







courtesy to Afroz Alam Sahil, RTI activist Delhi,
twocircles.net

Comments

Popular posts from this blog

സിദ്ധ സമാജം - ഒരു പഠനം

സിറാജ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍

കവിത -പരിണാമം